വീട്ടമ്മമാരേ ഇതിലേ... പ്രഭാത ഭക്ഷണത്തിന് ഇനി സമയം കളയണ്ട; വിളമ്പിയാല്‍ മാത്രം മതി

 

ചൂടുവെള്ളം ഉപയോഗിച്ചും, ചെറിയ രീതിയില്‍ പാകം ചെയ്തും ഉപയോഗിക്കാവുന്ന വിഭവങ്ങള്‍ക്കാകും മുന്‍തൂക്കം. റവ, ഗോതമ്പ്, സേമിയ എന്നിവയുള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് വിഭഗങ്ങളാകും പുറത്തിറക്കുക.വീട്ടമ്മമാരെ സംബന്ധിച്ച് പ്രഭാത ഭക്ഷണം എന്നും ഒരു തലവേദനയാണ്. പ്രത്യേകിച്ച് ഒരു ജോലിയോ, ചെറിയ കുട്ടിയോ ഉള്ള വീട്ടമ്മമാരുടെ കാര്യം പറയുകയും വേണ്ട. എന്നാല്‍ ഇത്തരക്കാരെ സഹായിക്കുന്നതിനായി വന്‍കിട ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഐ.ടി.സി. തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതല്‍ രാവിലെ എഴുന്നേറ്റ് ഡൈനിങ് ടേബിളില്‍ എത്തിയാല്‍ മതി ഭക്ഷണം റെഡി!. എഫ്.എം.സി.ജി. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി റെഡി- ടു- കുക്ക്, റെഡി- ടു- മിക്‌സ് ശ്രേണികളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 'ആശിര്‍വാദ്' എന്ന ബ്രാന്‍ഡിന് കീഴില്‍ തന്നെയാകും ഉടനടി കഴിക്കാവുന്ന ഇത്തരം വിഭവങ്ങള്‍ എത്തുക.

ചൂടുവെള്ളം ഉപയോഗിച്ചും, ചെറിയ രീതിയില്‍ പാകം ചെയ്തും ഉപയോഗിക്കാവുന്ന വിഭവങ്ങള്‍ക്കാകും മുന്‍തൂക്കം. റവ, ഗോതമ്പ്, സേമിയ എന്നിവയുള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് വിഭഗങ്ങളാകും പുറത്തിറക്കുകയെന്ന് ഐ.ടി.സി. ഫുഡ് ബിസിനസ് മേധാവി ഹേമന്ത് മാലിക് പറഞ്ഞു. പരിപ്പ്, അവല്‍, വിവിധതരം ധാന്യങ്ങള്‍ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ വിഭാഗങ്ങളും അവതരിപ്പിക്കും. പുതിയ ബിസിനസോടെ കെല്ലോഗ്, നെസ്ലെ, എം.ടി.ആര്‍, ജിറ്റ്സ് ഫുഡ് തുടങ്ങിയ ബ്രാന്‍ഡുകളുമായാകും കമ്പനി മത്സരിക്കുക. നിലവില്‍ ആശിര്‍വാദ് ബ്രാന്‍ഡിനു കീഴില്‍ ആട്ട, ഉപ്പ്, പയര്‍വര്‍ഗങ്ങള്‍, നെയ്യ് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളാണു കമ്പനി പുറത്തിറക്കിയിരുന്നത്.

വേഗത്തില്‍ ചലിക്കുന്ന ലോകത്ത്, പ്രത്യേകിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്ന ഈ സമയത്ത് റെഡി ടു കുക്ക് ഭക്ഷണ വിഭാഗത്തിനു വലിയ പ്രധാന്യമുണ്ടെന്ന് ഹേമന്ത് വ്യക്തമാക്കി. റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങള്‍ക്കു വിപണികളില്‍ ലഭിക്കുന്ന ജനസ്വീകാര്യതയും കമ്പനിയെ ആകര്‍ഷിച്ചെന്നാണു വിലയിരുത്തല്‍. സിഗരറ്റ് ഇതര വിഭാഗങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തെ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഐ.ടി.സിയുടെ സിഗരറ്റ് ഇതര എഫ്.എം.സി.ജി. ബിസിനസില്‍നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 27 ശതമാനമാണ്. അതേസമയം സിഗരറ്റ് ബിസിനസില്‍നിന്നുള്ള വരുമാനം 38 ശതമാനമാണ്.

ഇന്ത്യയില്‍ ബ്രേക്ക്ഫാസ്റ്റ് വിപണിക്ക് 12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ 100 കോടി രൂപയിലധികം വരുമാന സാധ്യതയുണ്ടെന്നാണ് ഇക്കണോമിക് ടൈംസിന്റെ വിലയിരുത്തല്‍. റെഡി- ടു- കുക്ക് വിഭാഗത്തില്‍, ഇഡ്ലി സാമ്പാര്‍, ഉപ്മ, ഇന്‍സ്റ്റന്റ് അവല്‍, ഇന്‍സ്റ്റന്റ് ഹല്‍വ, ഇഡ്ലി, ദോശ ഇന്‍സ്റ്റന്റ് മിക്സുകള്‍ എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ഓട്സ് പോലുള്ള പാശ്ചാത്യ ധാന്യങ്ങളെ ഒഴിവാക്കി പ്രഭാതഭക്ഷണത്തില്‍ ഇന്ത്യന്‍ പാചകരീതി ഉള്‍കൊള്ളിക്കുകയാണു ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

കൂടുതല്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ തീരുമാനം ഓഹരി വിപണികളിലടക്കം പ്രതിഫലിക്കുമെന്നാണു വിലയിരുത്തല്‍. ശൃംഖല വിപുലീകരണത്തിന്റെ ഭാഗമായി വമ്പന്‍ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണു സൂചന. നിലവില്‍ ഐ.ടി.സി. ഓഹരി ഒന്നിന് 226 രൂപയാണ്. 52 ആഴ്ചയിലെ മോശം നിലവാരം 192.40 രൂപയും കൂടിയ നിലവാരം 265.30 രൂപയുമാണ്. 4.73 ശതമാനം ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ വിപണിമൂല്യം 2.80 ലക്ഷം കോടിയാണ്. ഇതുവരെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കാത്ത കമ്പനി ഭാവിയുടെ വാഗ്ദാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറു മാസത്തിനിടെ ഓഹരികള്‍ 7.68 ശതമാനവും ഒരു വര്‍ഷത്തില്‍ 17.15 ശതമാനവും മാത്രമാണ് നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ മോശം പ്രകടനമാണ് സിഗരറ്റ് ഇതര ബിസിനസില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.


Previous Post Next Post