നഷ്ടം കണ്ട് റിലയൻസ് ഓഹരികൾ വിൽക്കല്ലേ; ഇതു കളി വേറെ ലെവലാണ്

 

കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്പനി ഓഹരികളുടെ മൂല്യം തുച്ഛമായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി അതല്ല. പഴയ കരാറില്‍ ഓഹരികള്‍ കൈമാറുന്നത് റിലയന്‍സിന് ഗുണമാകില്ല.


ഇന്നലെ തിരിച്ചുവരവ് കാഴ്ചവച്ച റിലയന്‍സ് ഓഹരികള്‍ മുമ്പുള്ള 2- 3 സെക്ഷനുകളില്‍ നിക്ഷേപകരുടെ കണ്ണീര്‍ വീഴ്ത്തിയിരുന്നു. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന റിലയന്‍സ് ഓഹരികളുടെ പിന്‍മാറ്റത്തിനു കാരണം അരാംകോയുമായുള്ള കാരാര്‍ മുടങ്ങിയതാണ്. സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ, 20 ശതമാനം ഓഹരിക്കായി റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നു കേള്‍ക്കാൻ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ധാരണയിലെത്താന്‍ കമ്പനികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നു ഇരുകൂട്ടരും കരാറില്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചെന്നാണു പുതിയ റിപ്പോര്‍ട്ട്.

എന്തുകൊണ്ടാണ് കരാര്‍ റദ്ദാക്കിയത്?

കരാര്‍ പിന്‍വലിച്ചതിന് പിന്നിലെ പ്രധാന കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. റിലയന്‍സിന്റെ കുറഞ്ഞ കടബാധ്യതയായിരിക്കാം ഇടപാട് വീണ്ടും വിലയിരുത്തുന്നതിന് പിന്നിലെ പ്രാഥമിക കാരണം. 2019 ഓഗസ്റ്റില്‍, കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ റിലയന്‍സിന്റെ എണ്ണ, കെമിക്കല്‍ ബിസിനസിനും ടെലികോം ബിസിനസിനും മൊത്തം കടം 40 ബില്യണ്‍ ഡോളറിലധികം കടമുണ്ടായിരുന്നു. സൗദി അരാംകോയില്‍ നിന്നുള്ള പണം ഉപയോഗിച്ച് കുറഞ്ഞത് 20 ബില്യണ്‍ ഡോളറെങ്കിലും കടം കുറയ്ക്കാമെന്നായിരുന്നു റിലയന്‍സിന്റെ ധാരണ.

കോവിഡിനു ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോയുടെ 33 ശതമാനം ഓഹരി 22 ബില്യണ്‍ ഡോളറിന് വിറ്റു. ഇതുവഴി ടെലികോം സ്ഥാപനങ്ങളുടെ കടം ഒഴിവാക്കുകയും ചെയ്തു. നിലവില്‍ കമ്പനിയുടെ ബാലന്‍സ് ഷീറ്റുകള്‍ തൃപ്തികരമാണ്. സൗദി അരാംകോയില്‍ നിന്ന് 15 ബില്യണ്‍ ഡോളര്‍ ആവശ്യമില്ല. റിലയന്‍സ് പുനരുപയുക്ത, ഇലക്ട്രിക് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതോടെ അരാകോയും റിലയന്‍സിനോട് ചേരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗ്രീന്‍ എനര്‍ജി ബിസിനസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ജാംനഗറില്‍ (എണ്ണ, കെമിക്കല്‍ ബിസിനസ് സ്ഥിതി ചെയ്യുന്നിടം) ജിഗാഫാക്ടറികള്‍ സ്ഥാപിക്കാനുമുള്ള റിലയന്‍സിന്റെ പ്രതിബദ്ധത കണക്കിലെടുത്താണ് അരാംകോയുടെ പിന്‍മാറ്റമെന്നു സാരം. ഈ പദ്ധതികള്‍ അരാംകോയുടെ താല്‍പ്പര്യത്തിന് എതിരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിരവധി കമ്പനികളെ ഏറ്റെടുക്കുകയും ഒന്നിലധികം പുതിയ എനര്‍ജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയും ഗ്രീന്‍ എനര്‍ജി വിപണിയില്‍ ഒരു ബിഗ് ബാംഗ് എന്‍ട്രി ഉണ്ടാക്കുന്നതിനായി നിരവധി സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തിരുന്നു.

771 മില്യണ്‍ ഡോളറിന് രാജ്യാന്തര സ്ഥാപനമായ ആര്‍.ഇ.സി. സോളാറിനെ ഏറ്റെടുത്തതാണ് ഏറ്റവും വലിയ ഏറ്റെടുക്കല്‍. റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡും ഷാപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെയും 40 ശതമാനം ഓഹരികള്‍ വാങ്ങി. ജര്‍മ്മന്‍ സോളാര്‍ വേഫര്‍ നിര്‍മ്മാതാക്കളായ നെക്‌സ്‌വാഫെ- ന്റെ സീരീസ് സി ഫണ്ടിംഗില്‍ 45 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തി റിലയന്‍സ് സോളാര്‍ മുന്‍നിര നിക്ഷേപകരുമായി.

സീറോ കാര്‍ബണ്‍ എമിഷന്‍

കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി, രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ ഉല്‍പ്പാദകരാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്‌നത്തില്‍ പങ്കുചേരുമെന്നും വ്യക്തമാക്കിയിരുന്നു. ഹരിത ഊര്‍ജത്തില്‍, പ്രത്യേകിച്ച് സോളാര്‍, ഹൈഡ്രജന്‍ എന്നിവയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. 2030-ഓടെ നെറ്റ് സീറോ (സീറോ കാര്‍ബണ്‍ എമിഷന്‍) കമ്പനിയായി മാറാനുള്ള പ്രതിജ്ഞാബദ്ധതയും റിലയന്‍സ് നടത്തി. അരാംകോയുടെ ചിന്താഗതികള്‍ക്കു വിരുദ്ധമാണിത്

ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളാണ് മൊബിലിറ്റിയുടെ ഭാവി. അതിനാല്‍, ഒരു വശത്ത് വൈദ്യുതി ഉല്‍പ്പാദനം സോളാറിലേക്കും മറുവശത്ത്, മൊബിലിറ്റി ഹൈഡ്രജനിലേക്കും നീങ്ങും. മുകേഷ് അംബാനി രണ്ടില്‍ നിന്നും വളരെയധികം നേട്ടമുണ്ടാക്കാന്‍ ഒരുങ്ങുന്നെന്നു സാരം. ഈ സഹാചര്യത്തില്‍ പുറത്തുനിന്നു ഫണ്ട് കണ്ടെത്തേണ്ട ആവശ്യം റിലയന്‍സിനില്ല. കൂടാതെ കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്പനി ഓഹരികളുടെ മൂല്യം തുച്ഛമായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി അതല്ല. പഴയ കരാറില്‍ ഓഹരികള്‍ കൈമാറുന്നത് റിലയന്‍സിന് ഗുണമാകില്ല


Previous Post Next Post